തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിക്കപ്പെട്ട സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
തപാൽ വോട്ടിനുള്ള സമയം ഒരാഴ്ച കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ എട്ടിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിരസിക്കുകയായിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന വോട്ടവകാശം ഉദ്യോഗസ്ഥ വീഴ്ച കാരണം നിഷേധിക്കപ്പെടുന്നത് ജനാധിപത്യ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 65000 ത്തോളം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗം പേർക്കും ബാലറ്റ് പേപ്പർ ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ട് നിഷേധിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ബാലറ്റ് ലഭിക്കാത്തത് കൊണ്ട് മാത്രം എത്ര പേർക്ക് വോട്ട് നഷ്ടപ്പെട്ടുവെന്ന കണക്ക് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.